കക്കോടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

     കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ കക്കോടി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കക്കോടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് കോര്‍പ്പറേഷന് തൊട്ടുവടക്കുള്ള കക്കോടി ഗ്രാമപഞ്ചായത്ത് ആദ്യകാലത്തുണ്ടായിരുന്ന മക്കട, പടിഞ്ഞാറ്റുംമുറി എന്നീ റവന്യൂ വില്ലേജുകള്‍ സംയോജിപ്പിച്ചു രൂപം കൊടുത്തതാണ്. മക്കട, ബദിരൂര്‍, മോരിക്കര, മൂരിക്കര, മൂട്ടോളി, കിരാലൂര്‍, പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇത്. 1964-ല്‍ ജനുവരി 17-നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നു. യു.ദാമോദരന്‍നായരായിരുന്നു പ്രസിഡന്റ് . കുന്നുകളും താഴ്വരകളും വയല്‍പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. കക്കോടി ഗ്രാമപഞ്ചായത്തിന് വടക്ക് ഭാഗം അതിരിട്ടൊഴുകുന്ന പൂനൂര്‍ പുഴ പണ്ട്കാലത്ത് വളരെയേറെ ഗതാഗതപ്രാധാന്യമുള്ളതായിരുന്നു. തിരപ്പങ്ങളാക്കിയായിരുന്നു കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ നിന്നും മരക്കച്ചവടത്തിനു പേരുകേട്ട മൂരിയാട്ടേക്ക് മരംകൊണ്ടുപോകാറ്. ഇടതടവില്ലാതെ രാപ്പകല്‍ ഭേദമെന്യേ മരത്തിരപ്പങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച കൌതുകമുണര്‍ത്തുന്നതാണ് . പശ്ചിമഘട്ട സാനുക്കളില്‍ നിന്നുത്ഭവിച്ച് മലയോര ഗ്രാമീണ പ്രദേശങ്ങളെ തൊട്ടുതഴുകി വളഞ്ഞു പുളഞ്ഞൊഴുകിയെത്തുന്ന പൂന്നൂര്‍ പുഴ പ്രദേശത്തിന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലൂടെയും വടക്ക് ശാന്തമായി ഒഴുകുന്ന അകലാപുഴയുടേയും സാന്നിദ്ധ്യംകൊണ്ട് ധന്യമാക്കിയ കാര്‍ഷിക മേഖലയാണ് കക്കോടി. വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ യഥാക്രമം ചേളന്നൂര്‍, കുരുവട്ടൂര്‍ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനമായ കോഴിക്കോട് നഗരം ഈ മേഖലയോട് തൊട്ടുരുമ്മിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം ഇടനാട് മേഖലയില്‍ പെട്ടതാണ്.മൊട്ടകുന്നുകളും പച്ചപിടിച്ച താഴ്വരകളും പ്രകൃതിദത്ത നീര്‍ച്ചാലുകളുംകൊണ്ട് അനുഗ്രഹീതമാണ് ഇവിടം.