കക്കോടി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ കക്കോടി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കക്കോടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് കോര്പ്പറേഷന് തൊട്ടുവടക്കുള്ള കക്കോടി ഗ്രാമപഞ്ചായത്ത് ആദ്യകാലത്തുണ്ടായിരുന്ന മക്കട, പടിഞ്ഞാറ്റുംമുറി എന്നീ റവന്യൂ വില്ലേജുകള്‍ സംയോജിപ്പിച്ചു രൂപം കൊടുത്തതാണ്. മക്കട, ബദിരൂര്‍, മോരിക്കര, മൂരിക്കര, മൂട്ടോളി, കിരാലൂര്‍, പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇത്. 1964-ല്‍ ജനുവരി 17-നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നു. യു.ദാമോദരന്‍നായരായിരുന്നു പ്രസിഡന്റ് . കുന്നുകളും താഴ്വരകളും വയല്‍പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. കക്കോടി ഗ്രാമപഞ്ചായത്തിന് വടക്ക് ഭാഗം അതിരിട്ടൊഴുകുന്ന പൂനൂര് പുഴ പണ്ട്കാലത്ത് വളരെയേറെ ഗതാഗതപ്രാധാന്യമുള്ളതായിരുന്നു. തിരപ്പങ്ങളാക്കിയായിരുന്നു കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ നിന്നും മരക്കച്ചവടത്തിനു പേരുകേട്ട മൂരിയാട്ടേക്ക് മരംകൊണ്ടുപോകാറ്. ഇടതടവില്ലാതെ രാപ്പകല്‍ ഭേദമെന്യേ മരത്തിരപ്പങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച കൌതുകമുണര്‍ത്തുന്നതാണ് . പശ്ചിമഘട്ട സാനുക്കളില്‍ നിന്നുത്ഭവിച്ച് മലയോര ഗ്രാമീണ പ്രദേശങ്ങളെ തൊട്ടുതഴുകി വളഞ്ഞു പുളഞ്ഞൊഴുകിയെത്തുന്ന പൂന്നൂര് പുഴ പ്രദേശത്തിന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലൂടെയും വടക്ക് ശാന്തമായി ഒഴുകുന്ന അകലാപുഴയുടേയും സാന്നിദ്ധ്യംകൊണ്ട് ധന്യമാക്കിയ കാര്‍ഷിക മേഖലയാണ് കക്കോടി. വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ യഥാക്രമം ചേളന്നൂര്‍, കുരുവട്ടൂര്‍ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനമായ കോഴിക്കോട് നഗരം ഈ മേഖലയോട് തൊട്ടുരുമ്മിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം ഇടനാട് മേഖലയില്‍ പെട്ടതാണ്.മൊട്ടകുന്നുകളും പച്ചപിടിച്ച താഴ്വരകളും പ്രകൃതിദത്ത നീര്‍ച്ചാലുകളുംകൊണ്ട് അനുഗ്രഹീതമാണ് ഇവിടം.
കക്കോടി ഗ്രാമപഞ്ചായത്ത് പ്രദേശം കാര്‍ഷിക പ്രധാനമായ പഞ്ചായത്താണ്. പഞ്ചായത്തിന്റെ തെക്കുഭാഗം അതിരിട്ടൊഴുകുന്ന പൂനൂര്‍പ്പുഴ മുമ്പ് കാലത്ത് വളരെയേറെ ഗതാഗത പ്രാധാന്യമുള്ളതായിരുന്നു. കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും മരക്കച്ചവടത്തിന് പേരുകേട്ട മൂരിയാട്ടേക്ക് തിരപ്പങ്ങളാക്കിയായിരുന്നു മരത്തടികള്‍ കൊണ്ടുപോകാറ്. രാപകല്‍ ഭേദമെന്യേ മരത്തിരപ്പങ്ങള്‍ നീങ്ങിക്കൊണ്ടേയിരിക്കും. പൂനൂര്പ്പുഴയിലൂടെ മംഗലപ്പുഴ കടന്ന് കനോലി കനാല്‍ വഴിയായിരുന്നു അവ മൂരിയാട്ടേക്ക് നീങ്ങിക്കൊണ്ടിരുന്നത്. കക്കോടി ഗ്രാമപഞ്ചായത്തിലെ പൂനൂര്‍പ്പുഴയുടെ തീരപ്രദേശങ്ങളില്‍ കാര്‍ഷിക വിളകളുടെ നേട്ടകോട്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പൂനൂര്‍പ്പുഴ വലിയ പങ്ക് വഹിച്ചു. വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന പൂനൂര്‍പ്പുഴ വെള്ളത്തില്‍ മുങ്ങുമ്പോള്‍ നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണ് പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കി.
ബ്രിട്ടീഷ് ഭരണം പ്രബലപ്പെട്ടതോടെ പാട്ടവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജന്മി-കുടിയാന് ബന്ധങ്ങള്‍ക്ക് നിയമപ്രാബല്യം വന്നു. അതോടെ ജന്മിത്വം അരക്കിട്ടുറപ്പിക്കപ്പെട്ടു. അന്ന് 12വര്‍ഷത്തേക്കായിരുന്നു ജന്മിമാര് കുടിയാന്മാര്ക്ക് ഭൂമി ചാര്‍ത്തിക്കൊടുത്തിരുന്നത്. ആ കാലയളവില്‍ ഭൂമിയില്‍ അദ്ധ്വാനിച്ച് ഫലസമൃദ്ധമാക്കിയാല് തന്നെ കുടിയാനെ ഒഴിപ്പിച്ച് മറ്റൊരാള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ നിയമതടസ്സമുണ്ടായിരുന്നില്ല. ഉല്പാദനത്തിന്റെ 60% ജന്മിമാര്‍ക്ക് പാട്ടമായി കൊടുക്കേണ്ടി വന്നു. ബാക്കി 40% കൊണ്ടാണ് കുടിയാന് ഉല്പ്പാനച്ചെലവും ജീവിതാവശ്യങ്ങളും നിര്‍ണ്ണയിച്ചിരുന്നത്. തോരാത്ത മഴ പെയ്യുന്ന മിഥുനം-കര്‍ക്കിടകമാസങ്ങളില്‍ കര്‍ഷക-കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ മിക്കതും മുഴുപട്ടിണിയിലാകും. പട്ടിണിയും പകര്‍ച്ചവ്യാധിയും മരണം വിതച്ചു പോയ ആ കാലം ദുരിതപൂര്‍ണ്ണമായിരുന്നു. 1943 ജൂണ്‍, ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ മലബാറില്‍ 30,000ത്തിലധികം ആളുകള്‍ ഒടുങ്ങിപ്പോയ കോളറ കക്കോടി പ്രദേശത്തും താണ്ഡവമാടി. 1941ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കക്കോടി പ്രദേശത്തിന്റെ വലിയൊരു ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയി. ഇന്നത്തെ കക്കോടി ബസാറില്‍ റോഡില്‍ നിന്നും ആറടി ഉയരത്തില്‍ വെള്ളം പൊങ്ങി ധാരാളം കന്നുകാലികളും മനുഷ്യരും ചത്തൊടുങ്ങി. നിരവധി കൂരകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. 1961ല്‍ കക്കോടി ബസാറിനു പിന്നില്‍ പുഴയോരത്തു കൂടെ ബണ്ട് നിര്‍മ്മിച്ചതിനു ശേഷമാണ് വെള്ളപ്പൊക്കം നിയന്ത്രണവിധേയമായത്. ബണ്ട് നിര്‍മ്മാണത്തിനു ശേഷമാണ് മരക്കാട്ട്താഴം, തച്ചറുപ്പുഴ, പെരവത്ത്കടവ്, വെള്ളറത്തോട്, കോണ്ട് എന്നീ സ്ഥലങ്ങള്‍ കൃഷിയോഗ്യമായതും താമസയോഗ്യമായതും. ഇപ്പോള്‍ കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടായ മാറ്റങ്ങള്‍ കാരണം പൂനൂര്‍പ്പുഴ കരകവിഞ്ഞൊഴുകാറില്ല.
ഭൂമിശാസ്ത്രപരമായി പ്രദേശം ഇടനാട് മേഖലയില്‍പെട്ടതാണ്. കുന്നുകളും പച്ചപിടിച്ച താഴ്വരകളും, ചീര്ച്ചാലുകളും കൊണ്ട് അനുഗൃഹീതമാണ് ഈ പ്രദേശം. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 1859 ഹെക്ടറാണ്. ഉയര്‍ന്ന സമതലങ്ങളും, ചെരിവ് പ്രദേശങ്ങളും, താഴ്വാരങ്ങളും സമതല പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് 1859 ഹെക്ടര്‍.
അത്താഴക്കുന്ന്, വാളറാട്ട്കുന്ന്, മേടക്കുന്ന്, ധര്മ്മന്കുന്ന്, കണിക്കോട്ടുകുന്ന്, ചാലിക്കര കുന്ന്, മേപ്പനാട്ട് കുന്ന്, വടക്കേക്കര കുന്ന്, കമലകുന്ന്, മക്കട കുന്ന്, ചിരട്ടാട്ടുമല, തലാപ്പാത്തില്‍ കുന്ന്, ആനോപ്പാറ, കുറുക്കന് കുന്ന്, നെടുമലകുന്ന്, പെരിഞ്ചിലമല, മുപ്പറ്റകുന്ന്, കക്കാട്ടുകുന്ന്, പറയരുകുന്ന്, കയ്യൂന്നിമല, തനിയന്കുന്ന്, അടുത്തിരുത്തിമല, പേരടിക്കുന്ന്, പൂരങ്ങോട്ടുകുന്ന്, വാളക്കാട്ട് മല, ആറാട്ടുപൊയില്‍ കുന്ന്, ചാലിയരക്കുന്ന് തുടങ്ങിയവ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളാണ്. മക്കട, മോരീക്കര, മൂരിക്കര, കിരാലൂര്‍, കിഴക്കുംമുറി, പടിഞ്ഞാറ്റുംമുറി എന്നിങ്ങനെ ആറു ദേശങ്ങളും ചേര്‍ന്ന് ഉള്ളതാണ്
പടിഞ്ഞാറ്റുംമുറി മക്കട എന്നീ അംശങ്ങള്‍ സംയോജിപ്പിച്ചതാണ് കക്കോടി പഞ്ചായത്ത്. കിഴക്കുംമുറി,പടിഞ്ഞാറ്റുംമുറി,കിരാലൂര്‍,മൂട്ടോളി,മൂരീക്കര,മോരിക്കര,മക്കട,ബദിരൂര്‍ എന്നീ ദേശങ്ങളായിരുന്നു ഈ അംശങ്ങളിലുണ്ടായിരുന്നത്. ഇതില്‍ കിഴക്കുംമുറി, പടിഞ്ഞാറ്റുംമുറി,കിരാലൂര്‍,മൂട്ടോളി,മൂരിക്കര എന്നീ ദേശങ്ങള്‍ പടിഞ്ഞാറ്റുംമുറി അംശത്തിലും മോരിക്കര,മക്കട,ബദിരൂര്‍ എന്നീ ദേശങ്ങള്‍ മക്കട അംശത്തിലുമായിരുന്നു.
കക്കോടിയിലെ മണ്‍തരങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെട്ട്കല്‍ മണ്ണാണ്. ചെരിവുപ്രദേശങ്ങളില് കുറഞ്ഞ തോതില്‍ ചെമ്മണ്ണും, വെട്ടുകല്‍ മണ്ണും, താഴ്വരകളില്‍ എക്കല്‍മണ്ണും, പുഴയോരങ്ങളിലും നിലങ്ങളിലും മണല്‍കലര്‍ന്ന പശിമരാശി മണ്ണുമാണ് ഉള്ളത്. പൊതുവെ അമ്ലഗുണമുള്ള മണ്ണാണ്. അനുകൂല സാഹചര്യത്തില്‍ ഗുണകരമായി പ്രതികരിക്കുന്നവയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണൊലിപ്പ് ധാരാളമുണ്ട്.