സ്ഥാപന ഘടന
സ്ഥാപന ഘടന
ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം നിലവിൽ വന്നതും ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ളതുമായ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്.
കേരളത്തിലെ ഗ്രാമപഞ്ചായത്തിന്റെ സ്ഥാപനപരമായ ഘടന താഴെ വിശദീകരിക്കുന്നു:
1. ഭരണസമിതി
ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടാകുക.
അംഗങ്ങൾ (പഞ്ചായത്ത് മെമ്പർമാർ): ഗ്രാമപഞ്ചായത്തിനെ ചെറിയ പ്രദേശങ്ങളായ വാർഡുകളായി വിഭജിച്ചിട്ടുണ്ട്. ഓരോ വാർഡിൽ നിന്നും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് വാർഡ് മെമ്പർമാർ അല്ലെങ്കിൽ പഞ്ചായത്ത് അംഗങ്ങൾ
പ്രസിഡന്റ്: ഭരണസമിതിക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
വൈസ് പ്രസിഡണ്ട്- പ്രസിഡണ്ടിനെ സഹായിക്കുന്നതിനും പ്രസിഡിന്റെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് വൈസ് പ്രസിഡണ്ട്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ പൊതുവെ വൈസ് പ്രസിഡന്റ് ആയിരിക്കും.
2. സ്ഥിരം സമിതികൾ
പഞ്ചായത്തിന്റെ വിവിധ വിഷയങ്ങളിലുള്ള കാര്യങ്ങൾ വിശദമായി ആസൂത്രണം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും വേണ്ടി ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സമിതികളാണ് സ്ഥിരം സമിതികൾ.
സാധാരണയായി കാണപ്പെടുന്ന സ്ഥിരം സമിതികൾ
ധനകാര്യ സ്ഥിരം സമിതി- പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ, നികുതി പിരിവ്, ബജറ്റ് എന്നിവ കൈകാര്യം ചെയ്യുന്നു.
വികസന സ്ഥിരം സമിതി- പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു.
ക്ഷേമകാര്യ സ്ഥിരം സമിതി: പട്ടികജാതി/പട്ടികവർഗ്ഗ ക്ഷേമം, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി - പൊതുജനാരോഗ്യം, ശുചിത്വം, പ്രാഥമിക വിദ്യാഭ്യാസം എന്നിവയുടെ ചുമതല.
3. നിർവഹണ വിഭാഗം
ഭരണസമിതിയുടെ തീരുമാനങ്ങളും നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനായുള്ള സർക്കാർ ഉദ്യോഗസ്ഥരടങ്ങുന്ന വിഭാഗമാണിത്.
സെക്രട്ടറി- പഞ്ചായത്തിന്റെ ഭരണപരമായ തലവൻ ആണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. സംസ്ഥാന സർക്കാരാണ് ഇദ്ദേഹത്തെ നിയമിക്കുന്നത്. പഞ്ചായത്തിന്റെ റെക്കോർഡുകൾ സൂക്ഷിക്കുക, വരുമാനം ചെലവ് എന്നിവയുടെ മേൽനോട്ടം വഹിക്കുക, തീരുമാനങ്ങൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
വിവിധ വിഭാഗം ഉദ്യോഗസ്ഥർ- പൊതുമരാമത്ത്, ആരോഗ്യ വിഭാഗം, ഭരണ വിഭാഗം തുടങ്ങി കൈമാറിക്കിട്ടിയ ചുമതലകൾ നിർവഹിക്കുന്നതിനുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ഗ്രാമസഭ
ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ഗ്രാമസഭ.
അംഗങ്ങൾ-ഒരു വാർഡിലെ വോട്ട് അവകാശമുള്ള മുഴുവൻ ആളുകളും ആ വാർഡിലെ ഗ്രാമസഭയിലെ അംഗങ്ങളാണ്.
ചുമതല-വികസന പദ്ധതികൾക്ക് മുൻഗണന നൽകുക, ഗുണഭോക്താക്കളെ കണ്ടെത്തുക, സാമൂഹിക ഓഡിറ്റിംഗ് നടത്തുക എന്നിവ ഗ്രാമസഭയുടെ പ്രധാന ചുമതലകളാണ്.